വിവാഹ ശേഷം ജീവിതത്തിൽ മാത്രമല്ല നിയമപരമായ രേഖകളിലും വേണം മാറ്റം.

വിവാഹം കഴിഞ്ഞാൽ വീടും വിലാസവും മാറും, ഉത്തരവാദിത്തങ്ങൾ മാറും, ജീവിത സാഹചര്യങ്ങള്‍ മാറും. എന്തിനേറെ, വർഷങ്ങളോളം ഒരു വാലായി പേരിനു പ്രൗഢി നല്കിയ അച്ഛന്റെ പേര് വരെ മാറാം. നിർബന്ധമൊന്നുമല്ലെങ്കിലും വിവാഹശേഷം അച്ഛന്റെ പേരുമാറ്റി പകരം ഭർത്താവിന്റെ പേര് ചേർക്കുന്നവരാണ് കൂടുതലും. അതൊരു പരസ്പര ഐക്യത്തിന്റെ കൂടെ അടയാളമാണല്ലോ. അങ്ങനെ പേര് മാറ്റുകയാണെങ്കിൽ കൂടെ പല പ്രമാണങ്ങളും അതിനോടൊപ്പം മാറ്റേണ്ടി വരും. വേണമെങ്കിൽ സർക്കാർ ഗസറ്റിൽ പരസ്യം കൊടുത്ത് മാറ്റാം. കല്യാണം മൂലമാണ് പേരുമാറ്റം എങ്കിൽ മാര്യേജ് സർട്ടിഫിക്കറ്റിന് അപേക്ഷിച്ച് അതുപയോഗിച്ച് മറ്റു രേഖകളിലെ പേര് മാറ്റാം. പഞ്ചായത്ത് പരിധിയിലോ കോർപ്പറേഷൻ പരിധിയിലോ ആണ് വിവാഹം നടന്നതെങ്കിൽ അതാത് ഓഫീസുകളിൽ ചെന്ന് ഫോം വാങ്ങി പൂരിപ്പിച്ച് അതിന്റെ റെസീപ്റ്റും കൊണ്ട് അക്ഷയ കേന്ദ്രങ്ങളിൽ ചെന്നാൽ സർട്ടിഫിക്കറ്റ് കയ്യിൽ കിട്ടും. മുൻപ് ഒന്നും രണ്ടും മാസങ്ങൾ എടുത്തിരുന്നു എങ്കിൽ ഇന്ന് മാര്യേജ് സർട്ടിഫിക്കറ്റ് കിട്ടാൻ കാലതാമസമില്ല. ആദ്യം പാൻ കാർഡ് അപ്ഡേറ്റ് ചെയ്യാം. പാൻകാർഡിൽ പേര് ചേർക്കുക എന്നത് ഏതാണ്ട് പുതിയ കാർഡ് എടുക്കുന്ന പോലെയാണ്. മാര്യേജ് സർട്ടിഫിക്കറ്റിന്റെ കൂടെ പഴയ കാർഡിന്റെ നമ്പർ കൂടെ വച്ച് വേണം അപേക്ഷിക്കാൻ പുതിയ കാർഡിൽ പുതിയ പേരും പഴയ നമ്പറും ആവും ഉണ്ടാകുക അതിനുശേഷം ഇൻകംടാക്സ് പേപ്പേഴ്സും അപ്ഡേറ്റ് ചെയ്യാൻ ഓർമിക്കണം. ബാങ്ക് അക്കൗണ്ടിലെ പേരും വിലാസവും, വോട്ടേഴ്സ് ഐഡിയിലെ പേരും വിലാസവും മാര്യേജ് സർട്ടിഫിക്കറ്റ് ഉപയോഗിച്ച് തന്നെ മാറ്റാം. പാസ്പോർട്ട്‌ എടുത്തിട്ടുണ്ടെങ്കിൽ അതിൽ പുതിയ പേരും വിലാസവും ചേർക്കാൻ മാര്യേജ് സർട്ടിഫിക്കറ്റും, പഴയ പാസ്സ്പോർട്ടും അതിന്റെ സെൽഫ് അറ്റസ്റ്റഡ്‌ കോപ്പിയും ഭർത്താവിന്റെ പാസ്സ്പോർട്ട് കോപ്പിയും ചേർത്ത് വേണം അപേക്ഷിക്കാൻ, പേരും വിലാസവും മാറ്റിയ പുതിയ പാസ്സ്പോർട്ട് ആണ് കിട്ടുക എന്നുള്ളതിനാൽ പുതിയതെടുക്കുന്ന ചെലവ് തന്നെ വരും. ഗൾഫ്‌ രാജ്യങ്ങളിൽ ജോലിയുള്ള ഭർത്താവിന്റെ കൂടെ താമസിക്കാനുള്ള ഫാമിലി വിസക്കോ, കറങ്ങിയടിച്ച് വരാനുള്ള വിസിറ്റ് വിസക്കോ അപേക്ഷിക്കാൻ ഭാര്യയുടെ പേരിലെ പാസ്സ്പോർട്ടിൽ ഭർത്താവിന്റെ പേര് നിർബന്ധമാണ്‌ എന്നുള്ളത് കൊണ്ട് നിങ്ങളുടെ നല്ല തീരുമാനം ഫെയ്സ്ബുക്കിൽ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ പോലും നിർബന്ധമായും പാസ്സ്പോർട്ടിൽ അപ്ഡേറ്റ് ചെയ്യാൻ മറക്കരുത്.

By | 2017-09-13T11:40:28+00:00 September 13th, 2017|Categories: Uncategorized|0 Comments

Leave A Comment