മുഖക്കുരുവിലല്ല കവിളിലൊളിപ്പിച്ച നുണക്കുഴിയിൽ തെളിയട്ടെ നല്ല തീരുമാനങ്ങളുടെ തിളക്കം

ആരെങ്കിലുമൊക്കെ നമ്മളെ മോഹിക്കുമ്പോഴാണത്രേ നമുക്ക് മുഖക്കുരു അഥവാ മോഹക്കുരു ഉണ്ടാകുന്നത് എന്ന് പ്രായമുള്ളവർ പറയുന്നത് കേൾക്കാം. പക്ഷേ സത്യത്തിൽ കൗമാര പ്രായത്തിൽ ശരീരത്തിലുണ്ടാകുന്ന ഹോർമോണുകളുടെ ഏറ്റക്കുറച്ചിലുകളാണ് മുഖക്കുരു ഉണ്ടാക്കുന്നത്‌. മുഖക്കുരു ചിലർക്ക് നുണക്കുഴി കവിളുകളിലാവും, ചിലർക്ക് ഹെഡ് ലൈറ്റ് പോലെ നെറ്റിയിലാവും, ചിലയാളുകൾക്ക് ഇന്ന സ്ഥലമെന്നൊന്നുമില്ലാതെ മുഖത്ത് മുഴുവനും വരും. വന്നത് പൊട്ടിച്ചാൽ കറുത്ത പാടുകൾ വീഴുമെന്നും കുരുക്കൾ കൂടുമെന്നും അറിയാമെങ്കിലും അതെങ്ങിനെയെങ്കിലുമൊക്കെയൊന്ന് തൊട്ട് പൊട്ടിച്ച് നിർവൃതിയടഞ്ഞില്ലെങ്കിൽ ചിലർക്ക് ഉറക്കം കിട്ടില്ല. മുഖം നന്നായി കഴുകി വൃത്തിയായി സൂക്ഷിക്കുക എന്നതാണ് മുഖക്കുരു തടയാനുള്ള ഏറ്റവും നല്ല പ്രതിവിധി. കഴിയുമെങ്കിൽ രാത്രി ഉറങ്ങുന്നതിന് മുന്നേ മുഖത്ത് ആവികൊണ്ട ശേഷം തണുത്ത വെള്ളത്തിൽ കഴുകുക. മാനസിക സംഘർഷങ്ങളും മുഖക്കുരുവുമായി ഒരു പോസിറ്റീവ് റിലേഷൻ ഉള്ളതുകൊണ്ട് ടെൻഷന് അവധി കൊടുത്ത് യോഗ ശീലിക്കുക, വ്യായാമം മുടങ്ങാതെ ചെയ്യുക. പനിനീരും, ഗ്ളിസറിനും, നാരങ്ങനീരും ചേർത്ത് കിടക്കുന്നതിന് മുന്നേ മുഖത്ത് പുരട്ടുക, പച്ച മഞ്ഞളും വേപ്പിലയും അരച്ചിടുക, തേങ്ങാവെള്ളം ഉപയോഗിച്ച് ദിവസവും മുഖം കഴുകുക, കടലമാവിൽ മഞ്ഞൾപ്പൊടിയും, വേപ്പിലയും അരച്ച് പുരട്ടുക, ഓറഞ്ച് നീരും ചെറുതേനും സമം ചേർത്ത് പുരട്ടുക, നേർത്ത ഉരുളക്കിഴങ്ങ് കഷ്ണങ്ങൾ മുഖക്കുരു ഉള്ളിടത്ത് വച്ചതിന് ശേഷം തിളപ്പിച്ചാറിയ വെള്ളത്തിൽ കഴുകുക, മുട്ടയുടെ വെള്ളക്കരു മുഖത്ത് തേച്ചുപിടിപ്പിക്കുക അങ്ങനെ ഒരുപാട് പൊടികൈകൾ പരീക്ഷിക്കാവുന്നതാണ്. സ്വയം പരീക്ഷിക്കാൻ സമയമില്ലെങ്കിൽ കല്യാണത്തിന് വേണമെങ്കിൽ ആറോ നാലോ മാസങ്ങൾക്ക് മുന്നേത്തന്നെ പിംപിൾ ട്രീറ്റ്മെന്റ് തുടങ്ങാം. വീര്യം കൂടിയ സോപ്പ് ഉപയോഗിക്കുക, കണ്ട ക്രീമെല്ലാം മാറിമാറി പരീക്ഷിക്കുക, കുറേ എണ്ണ തേയ്ക്കുക, എണ്ണയുള്ള ഭക്ഷണം കഴിക്കുക എന്നിവയൊക്കെ മുഖക്കുരുവിന് നല്ല വളമായതുകൊണ്ട് അവയൊന്നും ചെയ്യരുത്. എന്തൊക്കെ ചെയ്തിട്ടും വിവാഹ ദിവസം ഒന്നോ രണ്ടോ മുഖക്കുരു പ്രത്യക്ഷപെട്ടെന്നു കരുതി വിഷമിക്കേണ്ട, ആത്മവിശ്വാസവും പ്രസന്നതയുമുള്ള നിങ്ങളുടെ സുന്ദര മുഖം മുഖക്കുരുവിനെ അപ്രസക്തമാക്കിക്കോളും.

By | 2017-09-13T11:44:19+00:00 September 13th, 2017|Categories: Beauty|0 Comments

Leave A Comment