നീണ്ടകാലം നിലനിൽക്കട്ടെ നല്ല തീരുമാനങ്ങളുടെ തിളക്കം

വിവാഹശേഷം സ്ത്രീകളെ സംബന്ധിച്ച് മാറ്റങ്ങളുടെ ഒരു ഘോഷയാത്ര തന്നെയാണ്. ഇത് മുന്നേ അറിയാവുന്നതുകൊണ്ടാകണം ദൈവം സ്ത്രീയ്ക്ക് എന്തിനോടും പൊരുത്തപ്പെടാനുള്ള വിശാലമായ മനസ്സ് നൽകിയത്. പുരുഷനെ സംബന്ധിച്ചിടത്തോളം വിവാഹശേഷം ഉത്തരവാദിത്വങ്ങൾ കൂടും എന്നല്ലാതെ പുതിയ സ്ഥലത്തേക്ക് അല്ലെങ്കിൽ സാഹചര്യങ്ങളിലേക്ക് പറിച്ചുനടൽ പോലുള്ള ഒന്നും ഉണ്ടാവുന്നില്ല. എന്നാൽ സ്ത്രീ ശരിക്കും പുതിയ വീട്, ബന്ധുക്കൾ, ഉത്തരവാദിത്വങ്ങൾ അങ്ങനെ പുതിയ സാഹചര്യങ്ങളിലേക്ക് പറിച്ചു നടപ്പെടുകയാണ്. പെട്ടെന്നൊന്നും മാറ്റങ്ങളോട് പൊരുത്തപ്പെടുക ആർക്കായാലും അത്ര ഈസിയൊന്നുമല്ല, അതുകൊണ്ട് തന്നെ സമയമെടുത്തായാലും അതിനുള്ള വഴികൾ കണ്ടെത്തുക. ആദ്യം ചെയ്യണ്ടത് ഭർത്താവിന്റെ ഭവനത്തെ സ്വഭവനമായി തന്നെ കാണുക എന്നതാണ്. വീട്ടിലുള്ളവർ പറയുന്നതിന് വേറെ അർത്ഥതലങ്ങൾ സ്വയം കണ്ടെത്താതെ കഴിവതും എല്ലാം പറയുന്ന സെൻസിൽ പോസിറ്റീവ് ആയി എടുക്കാൻ ശ്രമിക്കുക. എല്ലാവരോടും സന്തോഷത്തോടെ, വിനയത്തോടെ, മര്യാദയോടെ മാത്രം സംസാരിക്കുക. ക്ഷമ ആട്ടിൻസൂപ്പിന്റെ ഫലം ചെയ്യുമെന്നാണ് പഴമക്കാർ പറയുന്നത്. അതു കൊണ്ട് ക്ഷമ ശീലമാക്കുക. ഈഗോ ഭർതൃഭവനത്തിലേക്ക് കടക്കുന്നതിന് മുന്നേ തന്നെ ഉപേക്ഷിക്കുക. ഇഷ്ടപ്പെടാത്തത് എന്തെങ്കിലും ഉണ്ടായെങ്കിൽ ഭർത്താവുമായി മാത്രം ചർച്ച ചെയ്യുക. ആശയവിനിമയത്തിലുണ്ടാകുന്ന പാളിച്ചയാണ് പലപ്പോഴും പല ബന്ധങ്ങളുടേയും തകർച്ചക്ക് കാരണമാകുന്നത്. അതുകൊണ്ട് തന്നെ കമ്മ്യൂണിക്കേഷൻ ഗ്യാപ്പ് എവിടേം വരാതെ നോക്കണം. നിങ്ങളുടെ ആവശ്യങ്ങളും മറ്റും ഭർത്താവിനോട് തുറന്നു പറയുക, തോക്കിൽ കയറി വെടി വയ്ക്കാതെ ഭർത്താവ് പറയുന്നത് മുഴുവനായും കേൾക്കുക. ചട്ടീം കലോം ആവുമ്പൊ തട്ടീം മുട്ടീം ഒക്കെ ഇരിക്കുമെങ്കിലും തട്ട് കൂടി ചട്ടി പൊട്ടാതെ നോക്കണം. പരസ്പരം പഴിചാരലും മറ്റുള്ളവരോട് ഉപമിക്കലും നിർത്തണം. ഓഫീസീന്ന് കയറി വന്നയുടനെ വീട്ടിലെ പരാതിപ്പെട്ടി തുറക്കരുത്. അതുപോലെ ഭർത്താവിനെ ഒരു സുപ്രഭാതത്തിൽ നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് മാറ്റാനും നോക്കരുത്. എന്ത് ക്രൈസിസ് ഉണ്ടായാലും ഒരു ടീമായി അതിനെ നേരിടണം. പ്രധാന കാര്യങ്ങൾ പരസ്പരം ചർച്ച ചെയ്ത് തീരുമാനിക്കുക. എന്നും ഭർത്താവിന്റെ ഏറ്റവും നല്ല സുഹൃത്തായി നിലകൊള്ളുക. ഇരുവരുടേയും ദൈനംദിന തിരക്കുകൾക്കിടയിലും നിങ്ങളുടേത് മാത്രമായി കുറച്ച് സമയം കണ്ടത്തുക. ഒരു ദിവസം ഉണ്ടാകാനിടയുള്ള പ്രശ്നങ്ങളെ ഉറങ്ങുന്നതിനു മുന്നേ സംസാരിച്ചു തീർക്കുമെന്നു ഇരുവരും തീരുമാനിക്കുക. സുഖത്തിലും ദുഖത്തിലും ഒരുമിച്ചായിരിക്കുക. ഖലീൽ ജിബ്രാൻ പറഞ്ഞിട്ടുള്ളത് പോലെ ‘മൃത്യുവിന്റെ വെണ്‍ചിറകുകൾ നിങ്ങളുടെ ദിനങ്ങളെ എടുത്തു മാറ്റുമ്പോഴും നിങ്ങൾ ഒരുമിച്ചിരിയ്ക്കുക’.

By | 2017-09-13T11:49:17+00:00 September 13th, 2017|Categories: Uncategorized|0 Comments

Leave A Comment