നിങ്ങളുടെ ചെഞ്ചുണ്ടുകൾ വിളിച്ചോതട്ടെ നിങ്ങളുടെ നല്ല തീരുമാനത്തിന്റെ തിളക്കം

സോഫ്റ്റായ ചുവന്ന ചുണ്ടുകള്‍ എന്നുള്ളത് ഘോരഘോരം സിഗററ്റും ബീഡീം വലിച്ചു തള്ളുന്ന പുരുഷകേസരികളുടെ പോലും സ്വപ്നമാണ് എന്നിരിക്കെ സ്ത്രീകളുടെ കാര്യം പ്രത്യേകം എടുത്ത് പറയേണ്ടതില്ലല്ലോ. ക്യൂട്ടക്സുകളെപ്പോലെത്തന്നെ ഒരായിരം നിറങ്ങളിലുള്ള ലിപ്സ്റ്റിക്കുകളും ഇന്നുള്ളതുകൊണ്ട് ചുവപ്പ് മാത്രമല്ല ഇഷ്ടമുള്ള ഏത് നിറം വേണമെങ്കിലും നിങ്ങളുടെ അധരങ്ങൾക്ക് നല്കാം. ഇപ്പോഴത്തെ ട്രെന്റായ ബേബി ലിപ്ബാമിന്റെയോ, ലിപ്സ്റ്റിക്കിന്റെയോ ഒന്നും സഹായമില്ലാതെ ചുണ്ടുകള്‍ക്ക് നാച്ചുറല്‍ ചുവപ്പ് ലഭിക്കാന്‍ നെല്ലിക്ക നീര് തേനില്‍ ചാലിച്ച് പുരട്ടുകയോ, ഒലിവ് ഓയല്‍ പഞ്ചസാരയില്‍ ചേര്‍ത്ത് ചുണ്ടുകളില്‍ മൃദുവായി ഉരസുകയോ, വെള്ള ചന്ദനം അരച്ച് ചുണ്ടിലിടുകയോ, ബദാം പരിപ്പ് അരച്ച് ഗ്ലിസറിനുമായി ചേര്‍ത്ത് പുരട്ടുകയോ, വെറും നാരങ്ങ നീര് പുരട്ടുകയോ, ബീറ്റ്രൂട്ട് ചുണ്ടില്‍ ഉരക്കുകയോ, പാല്‍പ്പാടയും വെണ്ണയും ചേര്‍ത്ത് മസാജ് ചെയ്യുകയോ ഒക്കെ ചെയ്യാം. ഉണക്കമുന്തിരി തലേ ദിവസം വെള്ളത്തില്‍ ഇട്ടുവച്ച് പിറ്റേന്ന് രാവിലെ കഴിക്കുന്നതും, ധാരാളം വെള്ളം കുടിക്കുന്നതും ചുണ്ടുകളുടെ വരള്‍ച്ച ഇല്ലാതാക്കാനും, നിറം നല്‍കാനും സഹായിക്കും. നല്ല നിറമുള്ള അധരങ്ങള്‍ ഉണ്ടെങ്കിലും വിവാഹത്തിന് ഒന്നുംകൂടെ കളർഫുൾ ആക്കാൻ ലിപ്സ്റ്റിക്കുകൾ ഉപയോഗിക്കാം. ലിപ്സ്റ്റിക് ഉപയോഗിക്കുന്നതിന് മുൻപായി ചുണ്ടുകൾ വൃത്തിയായി കഴുകണം. ചുണ്ടിലെ ഈർപ്പം മാറ്റിയ ശേഷം ഫൌണ്ടേഷൻ ക്രീം പുരട്ടുക. ചുണ്ടിലെ ചുളിവുകൾ മായ്ക്കാനും ചുണ്ടിന് പുറത്തേക്ക് ലിപ്സ്റ്റിക് പരക്കാതിരിക്കാനും കുറെ നേരം നിലനിൽക്കാനും ഇതുപകരിക്കും. ഇതിനുശേഷം ലൈനർ ഉപയോഗിച്ച് ഔട്ട്‌ലൈൻ ഇടുക. ഇനി നിങ്ങളുടെ നല്ല തീരുമാനം നടപ്പിലാവുന്ന ദിവസത്തേക്ക് യോജിച്ച ലിപ്സ്റ്റിക്കുകൾ തിരഞ്ഞെടുക്കാൻ മേൽച്ചുണ്ടിൽ ലിപ്സ്റ്റിക് തേയ്ക്കുക. ചുണ്ടിന്റെ ശരിയായ നിറത്തേക്കാൾ രണ്ടുപടി കടുത്തതാണെങ്കിൽ നിങ്ങൾക്ക് ചേരുന്ന നിറമാണെന്ന് ഉറപ്പിക്കാം. ഇടുന്ന വസ്ത്രത്തിന്റെ നിറങ്ങൾക്കനുസരിച്ച് ലിപ്സ്റ്റിക് തിരഞ്ഞെടുക്കുന്നതിനേക്കാൾ നല്ലത് ശരീരത്തിന്റേയും, കണ്ണുകളുടെയും, മുടിയുടേയും നിറങ്ങൾക്കനുയോജ്യമായവ തിരഞ്ഞെടുക്കുന്നതാണ്. കറുത്ത മുടിയുള്ളവർക്ക് ബ്രൌണിന്റെ അംശമുള്ള ഡാർക്ക്‌ ചോക്ക്ലേറ്റ്റെഡ് പോലുള്ളവയും, വെളുത്ത ചർമ്മക്കാർക്ക് ചെറിറെഡ് , കോറൽറെഡ്, പീച്ച്റെഡ് എന്നിവയും ഇടത്തരം ചർമ്മക്കാർക്ക് നീലയുടെ അംശം കലർന്ന ചുവപ്പും, ഓറഞ്ചിനോടടുത്ത ചുവപ്പും നന്നായി ഇണങ്ങും, ഇരുണ്ട ചർമ്മക്കാർക്ക് ബ്രൌണ്‍ നിറം കലർന്നതും ബ്രിക്ക്റെഡ് അല്ലെങ്കിൽ സ്വർണ്ണനിറം കലർന്ന ചുവപ്പുമാണ് ചേരുക. ലിപ്സ്റ്റിക് ഇട്ടതിന് ശേഷം ലിപ്ഗ്ലോസർ ഇട്ടു മിനുക്കുക. വരണ്ട ചുണ്ടുള്ളവർ ഗ്ലിസറിൻ വൈറ്റമിൻ എ അടങ്ങിയിട്ടുള്ള ലിപ്സ്റ്റിക്കുകൾ ഉപയോഗിച്ചാൽ ചുണ്ടുകൾ മൃദുവായി തോന്നിക്കും. ചടങ്ങുകൾ കഴിഞ്ഞ് മണിയറയിലേക്ക് കടക്കും മുന്നേ കോൾഡ്‌ ക്രീം ഉപയോഗിച്ച് ലിപ്സ്റ്റിക്കുകൾ തുടച്ചു കളയാം.

By | 2017-09-13T11:37:29+00:00 September 13th, 2017|Categories: Beauty|0 Comments

Leave A Comment