നല്ല തീരുമാനങ്ങൾക്കൊപ്പം പരക്കട്ടെ സന്തോഷം പകരും സുഗന്ധവും.

കുറേ സമയം ചിലവാക്കി തിരഞ്ഞെടുത്ത വില കൂടിയ വസ്ത്രങ്ങളും, ആഭരണങ്ങളും എല്ലാം അണിഞ്ഞ് എന്നത്തേക്കാളും സുന്ദരിയായി ഒരുങ്ങിയ ശേഷം ഷെൽഫിൽ കാണുന്ന ഏതെങ്കിലും പെർഫ്യൂം, അതിപ്പൊ പുരുഷന് മാത്രമുള്ളതാണോ സ്ത്രീയ്ക്ക് മാത്രമുള്ളതാണോ എന്നൊന്നും നോക്കില്ല, മിക്കവാറും വിദേശത്തുള്ള ബന്ധുക്കൾ നാട്ടിൽ വിസിറ്റിനു വരുമ്പോൾ ചുമ്മാ ഒരു സന്തോഷത്തിന് തന്നിട്ട് പോകുന്ന ബ്രൂട്ട് പോലുള്ള ബ്രൂട്ടൽ ഗന്ധമുള്ള സ്പ്രേ എടുത്തങ്ങ് വാരിപ്പൂശും. അതാണ്‌ പൊതുവെ മിക്കവരും ചെയ്യാറ്. അങ്ങനെ ഏതെങ്കിലും ഒന്നെടുത്തടിക്കാതെ ഏതവസരത്തിലും ഉപയോഗിക്കാവുന്ന പൂക്കളുടെ സുഗന്ധമുള്ള ഫ്ളോറൽ പെർഫ്യൂമുകൾ, നാരങ്ങ, മധുര നാരങ്ങ തുടങ്ങിയവയുടെ മണമുള്ള സ്ട്രിസ് പെർഫ്യൂമുകൾ, ആകർഷകമായ നേർത്ത സുഗന്ധം പരത്തുന്ന പ്രകൃതിജന്യ വസ്തുക്കൾ ചേർത്ത് നിർമ്മിച്ച ഷിപ്‌രാ പെർഫ്യൂമുകൾ, ശൈത്യകാലത്തിന് യോജിച്ച സുഗന്ധവ്യഞ്ജനങ്ങൾ അടങ്ങിയ ഒറിയന്റൽ പെർഫ്യൂമുകൾ, ഔഷധ സസ്യങ്ങളിൽ നിന്നും ഫേണിൽ നിന്നും നിർമ്മിക്കുന്ന സ്പോർട്ടി മണമുള്ള ഗ്രീൻ പെർഫ്യൂമുകൾ, ചോക്ലേറ്റ്, കോഫീ പോലുള്ള ആഹാരപദാർത്ഥങ്ങളുടെ മണമുള്ള ഫണ്‍ പെർഫ്യൂമുകൾ എന്നിവയിലേതെങ്കിലും ദേഹത്ത് അടിച്ചു നോക്കി അലർജി ഇല്ലെന്ന് ഉറപ്പു വരുത്തിയ ശേഷം തിരഞ്ഞെടുക്കാം. ഓരോ പെർഫ്യൂമിനും ഓരോതരം വികാരങ്ങൾ സൃഷ്ടിക്കാനാവും എന്നുള്ളതുകൊണ്ട് അതും കൂടെ കണക്കിലെടുത്ത് വേണം തിരഞ്ഞെടുക്കാൻ. വലിയ വിലയുള്ളത് മാത്രം നല്ലത് എന്ന ചിന്തയൊന്നും വേണ്ട. സ്ത്രീകൾക്കും പുരുഷന്മാർക്കും വെവ്വേറെയും രണ്ടുപേർക്കും ഒരുപോലെ ഉപയോഗിക്കാവുന്ന പെർഫ്യൂമുകളും ഉണ്ട്. കക്ഷങ്ങൾ, ചെവിയുടെ പിൻവശം, കൈത്തണ്ട്, കൈമുട്ടുകൾ അങ്ങനെയുള്ള ശരീരത്തിന്റെ പൾസ് പോയന്റുകളിൽ മാത്രമാണ് പെർഫ്യൂം ഉപയോഗിക്കേണ്ടത്. ദുർഗന്ധം അകറ്റി സുഗന്ധം പ്രധാനം ചെയ്യുന്നതിനാൽ പെർഫ്യൂം വെറും ആഡംബരം എന്നതിലുപരി ചിലപ്പോൾ ഒരാവശ്യമാണ്. കൂടുതൽ സമയം ചൂടിൽ നിൽക്കേണ്ടതുകൊണ്ട്‌ ദീർഘനേരം നിലനിൽക്കുന്ന നേർത്ത സുഗന്ധമുള്ള ഒന്ന് തന്നെ തിരഞ്ഞെടുത്ത് വിശേഷദിവസത്തേക്ക് ഒരുങ്ങിക്കോളൂ, ആ സുഗന്ധം പോലെ സന്തോഷം നിങ്ങളുടെ വിവാഹ ജീവിതത്തിൽ എന്നും തങ്ങി നില്ക്കട്ടെ.

By | 2017-09-13T11:46:38+00:00 September 13th, 2017|Categories: Beauty|0 Comments

Leave A Comment