ജീവിതത്തിലെ കണക്കു കൂട്ടലുകൾ തെറ്റാതിരിക്കാൻ വേണം നല്ലൊരു കുടുംബ ബഡ്ജറ്റ്.

വിവാഹശേഷം ഭാര്യാ പദവിയുടെ കൂടെ ഓട്ടോമാറ്റിക്കായി വന്നു ചേരുന്ന ഒരു ചുമതലയാണ് കുടുംബത്തിലെ ധനകാര്യമന്ത്രി പദം. സർക്കാർ മന്ത്രിയാവുമ്പോ പൊതു ബഡ്ജറ്റും ഇടക്കാല ബഡ്ജറ്റും മാത്രം തയ്യാറാക്കിയാൽ മതിയെങ്കിൽ കുടുംബത്തിലെ മന്ത്രിക്ക് മാസം മാസം ഓരോ ബഡ്ജറ്റ് വീതം തയ്യാറാക്കണം. അച്ഛന്റെയോ അമ്മയുടെയോ തണലിൽ വളർന്നവരാവും അധികമാളുകളും എന്നുള്ളതുകൊണ്ട് തന്നെ ഒരു കുടുംബം നടത്തുന്നതിനെ കുറിച്ച് യാതൊരു ക്ളൂവും പലർക്കും ഉണ്ടാവില്ല. അതുകൊണ്ട് ഒരു കുടുംബ ബഡ്ജറ്റ് തയ്യാറാക്കാൻ എന്തൊക്കെ അറിയണമെന്ന് നോക്കാം. ആദ്യം സാലറിയിൽ നിന്നും മറ്റ് നിക്ഷേപങ്ങളിൽ നിന്നുമുള്ള മൊത്തം വരവ് കണക്കാക്കണം. പിന്നെ അറിയേണ്ടത് ചിലവുകൾ എന്തൊക്കെയാണെന്നുള്ളതാണ്. പെട്ടെന്ന് മനസ്സിലാക്കാൻ പറ്റില്ലെങ്കിലും രണ്ടും മൂന്നും മാസം നിരീക്ഷിച്ചാൽ വരാവുന്ന ചിലവൊക്കെ അറിയാൻ സാധിക്കും. ഇനി വരവിൽ നിന്ന് ചിലവ് കുറയ്ക്കുക. വരവും ചിലവും തമ്മിൽ എത്ര ഗുണിച്ചാലും ഹരിച്ചാലും ഒരിക്കലും തമ്മിൽ ചേരില്ല എന്നുറപ്പ്! മിക്കപ്പോഴും ചിലവ് തന്നെയാവും എവിടേയും മുന്നിൽ. കണക്കാക്കുമ്പോൾ അഥവാ വരവ് കൂടുതൽ ആണെങ്കിൽ വളരെ നല്ലത്, പ്രത്യേകിച്ച് പരിഷ്കാരങ്ങൾ ഒന്നും നടപ്പിൽ വരുത്തേണ്ടതില്ല. പക്ഷേ എപ്പോഴത്തേയും പോലെ ചിലവാണ്‌ കൂടുതൽ എങ്കിൽ അത് കുറക്കാനുള്ള പുതിയ പരിഷ്കാരങ്ങൾ ആലോചിക്കണം. ചെലവു ചുരുക്കൽ നിങ്ങളുടെ രണ്ടുപേരുടെയും കാര്യങ്ങളിൽ മാത്രമാക്കുന്നതാണു നല്ലത്. അല്ലാതെ എടുത്തുചാടി ഭർത്താവിന്റെ അച്ഛന്റെയും അമ്മയുടെയും സഹോദരങ്ങളുടെയും ചിലവുകൾ ചുരുക്കാൻ നോക്കി കുടുംബ സമാധാനം ഇല്ലാതാക്കരുത്.

വീട്ടു സാധനങ്ങൾ വാങ്ങുമ്പോൾ ഡിസ്ക്കൗണ്ട് ഉള്ള കടകളിൽ നിന്ന് ബൾക്കായോ മറ്റോ വാങ്ങുക, വൈദ്യുതി, പാചകവാതക ഉപഭോഗം പരമാവധി കുറയ്ക്കുക, അനാവശ്യ ഫോണ്‍ കോളുകൾ ഒഴിവാക്കി ഫോണ്‍ ബില്ല് കുറയ്ക്കുക, സ്ഥിരം ഔട്ടിങ്ങും പുറമേ നിന്നുള്ള ഭക്ഷണവും കഴിവതും കുറയ്ക്കുക, പണമില്ലാത്തപ്പോഴും എടുത്തുരച്ച് ചിലവാക്കാൻ വല്ലാത്ത ടെംപ്റ്റേഷൻ തരുന്ന ക്രെഡിറ്റ്‌ കാർഡ് ഉപയോഗം ഉണ്ടെങ്കിൽ അതു നിർത്തുക, ബില്ലുകളെല്ലാം ഡ്യൂ ഡേറ്റിന് മുൻപേ തന്നെ അടച്ച് പെനാൽറ്റിയും കുടിശികയും ഒഴിവാക്കുക. കിട്ടുന്ന കാശിൽ നിന്ന് ഒതുക്കിപ്പിടിച്ച് സിപ് (സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ) പോലെയുള്ള, ദീർഘകാലത്തിൽ നല്ല റിട്ടേണ്‍ തരുന്ന ചെറിയ നിക്ഷേപങ്ങളിൽ ചേരുക. വരവിനെ ചിലവിന്റെ മുൻപിൽ കൊണ്ട് വരുന്ന ബഡ്ജറ്റാണ് മികച്ചത്. അങ്ങനെയൊന്ന് തയ്യാറാക്കി പ്രാവർത്തികമാക്കി കല്യാണചിലവുകൾ കഴിഞ്ഞ് സാമ്പത്തിക ഞെരുക്കത്തിൽ വട്ടം കറങ്ങുന്ന ഭർത്താവിന്റെ മനസ്സിൽ തന്റെ ചോയ്സ് തെറ്റിയില്ലെന്നും ഭാര്യ ആള് കൊള്ളാമല്ലോ എന്നും കാണിച്ചുകൊടുക്കാം. അതിനെക്കാളുപരി സ്വന്തം ആത്മവിശ്വാസം കൂട്ടാനും ഇതുപകരിക്കും.

By | 2017-09-13T11:52:03+00:00 September 13th, 2017|Categories: Finance|0 Comments

Leave A Comment